കഴിഞ്ഞ നവംബറില്‍ തന്നെ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയിച്ചിരുന്നെങ്കിലും, അദ്ദേഹം ഔപചാരികമായി യുഎസിന്റെ പ്രസിഡന്റായി മാറുന്നത് സത്യവാചകം ചൊല്ലുന്നതോടെ മാത്രമായിരിക്കും. 2017 മുതല്‍ 2021 വരെ രാജ്യത്തിന്റെ നാല്‍പ്പത്തഞ്ചാമത്തെ പ്രസിഡന്റായും ട്രംപ് സേവനമനുഷ്ഠിച്ചിരുന്നു.
വാഷിങ്ടണ്‍ ഡിസിയിലെ ചരിത്രപ്രധാനമായ സെന്റ് ജോണ്‍സ് ചര്‍ച്ചിലെ ശുശ്രൂഷയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകളുടെ തുടക്കം. തുടര്‍ന്ന് യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ ചായ സത്കാരം.
യുഎസ് ക്യാപ്പിറ്റോള്‍ ബില്‍ഡിങ്ങിന്റെ പടിഞ്ഞാറേ മുറ്റത്താണ് സംഗീത പരിപാടി അടക്കമുള്ള വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനു ശേഷം സ്ഥാനാരോഹണം. തുടര്‍ന്ന്, നാലു വര്‍ഷത്തെ ഭരണ കാലാവധിയില്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളുടെ രൂപരേഖ പ്രസിഡന്റ് അവതരിപ്പിക്കും.
അതിനു ശേഷമാണ് പുതിയ പ്രസിഡന്റ് സെനറ്റ് ചേംബറിനടുത്തുള്ള തന്റെ ഔദ്യോഗിക മുറിയിലേക്ക് പോകുന്നതും ഔദ്യോഗിക രേഖകളില്‍ ഒപ്പ് വയ്ക്കുന്നതും. തുടര്‍ന്ന് ജോയിന്റ് കോണ്‍ഗ്രഷണള്‍ കമ്മിറ്റി നല്‍കുന്ന ഉച്ച വിരുന്നില്‍ പങ്കെടുക്കും.
ഇതിനു ശേഷമായിരിക്കും ക്യാപ്പിറ്റോള്‍ ബില്‍ഡിങ്ങില്‍ നിന്ന് പെന്‍സില്‍വാനിയ അവന്യൂ വഴി വൈറ്റ് ഹൗസിലേക്കുള്ള പരേഡ്. വൈകുന്നരം കമാന്‍ഡര്‍ ഇന്‍ ചീഫ് ബോള്‍, ലിബര്‍ട്ടി ഇനോഗുറല്‍ ബോള്‍, സ്റ്റാര്‍ലൈറ്റ് ബോള്‍ എന്നിവയില്‍ പുതിയ പ്രസിഡന്റ് പങ്കെടുക്കും.
ചടങ്ങില്‍ അമേരിക്ക ദ ബ്യൂട്ടിഫുള്‍ അവതരിപ്പിക്കുന്നത് മുന്‍ അമേരിക്കന്‍ ഐഡല്‍ ജേതാവ് കാരി അണ്ടര്‍വുഡ് ആയിരിക്കും. ലീ ഗ്രീന്‍വുഡ്, ക്രിസ്ററഫര്‍ മാക്കിയോ എന്നിവരും സംഗീത പരിപാടികള്‍ അവതരിപ്പിക്കും. നൃത്ത പരിപാടികള്‍ പ്രധാനമായും കൈകാര്യം ചെയ്യുന്നത് ഡിസ്കോ ഗ്രൂപ്പായ ദ വില്ലേജ് പീപ്പിളാണ്.
രണ്ട് ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ട്രംപിന്റെ അനുയായികള്‍ മാത്രമല്ല, പ്രക്ഷോഭകരും ഉള്‍പ്പെടും എന്നതിനാല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Comments: