2025 ജര്‍മനിക്കു തെരഞ്ഞെടുപ്പ് വര്‍ഷമാണ്. പുതിയതായി അധികാരമേല്‍ക്കുന്ന സര്‍ക്കാരിനു മുന്നിലുള്ള വെല്ലുവിളികള്‍ പ്രധാനമായും അഞ്ചായി തിരിക്കാം ~ സാമ്പത്തിക മാന്ദ്യം, കുടിയേറ്റം, സൈബര്‍ ആക്രമണം, ക്രമസമാധാനം, ജനാധിപത്യം.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുന്ന ഈ നിര്‍ണായകമായ കാലഘട്ടത്തില്‍, ചെലവഴിക്കണോ അതോ ചെലവ് ചുരുക്കണോ എന്ന ചോദ്യമായിരിക്കും സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുക. ഉയര്‍ന്ന ഇന്ധന വില, ഉയര്‍ന്ന ശമ്പളം, അടിസ്ഥാന സൗകര്യങ്ങളില്‍ വരുന്ന പോരായ്മ, വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം, ഉദ്യോഗസ്ഥ മേധാവിത്വം എന്നിവയെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്.
വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാന്‍ കുടിയേറ്റം പ്രോത്സിഹിപ്പിക്കല്‍ മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള മാര്‍ഗം. പക്ഷേ, ഇങ്ങനെയൊരു സാഹചര്യം മുതലാക്കാന്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്നു. വിദേശികളോട്, പ്രത്യേകിച്ച് മുസ്ളിംകളോടുള്ള വിരോധം വളര്‍ത്തുക വഴി ജര്‍മന്‍ സമൂഹത്തില്‍ സ്വന്തം വേരുറപ്പിക്കുന്ന എഎഫ്ഡി പോലുള്ള സംഘടനകളെ നിലയ്ക്കു നിര്‍ത്താവുന്ന തരത്തില്‍ സന്തുലിതമായി കുടിയേറ്റ വിഷയം കൈകാര്യം ചെയ്യുക എന്ന സര്‍ക്കാരിനു മുന്നില്‍ വലിയ വെല്ലുവിളി തന്നെയായിരിക്കും.
ഇതുമായി ചേര്‍ത്തു വായിക്കേണ്ട വിഷയം തന്നെയാണ് അഭയാര്‍ഥികളുമായി ബന്ധപ്പെട്ടുള്ളത്. രാജ്യത്തെ പ്രാദേശിക ഭരണകൂടങ്ങള്‍ മിക്കതും ഇനി അഭയാര്‍ഥികളെ സ്വീകരിക്കാന്‍ സാധിക്കില്ലെന്ന നിലപാടില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കാത്തതു തന്നെയാണ് പ്രധാന തടസം.
കുടിയേറ്റ ~ അഭയാര്‍ഥി വിഷയങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്ക വലതുപക്ഷ പ്രസ്ഥാനങ്ങള്‍ തന്നെയാണ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനും ക്രമസമാധാന പാലനത്തിനും കൂടി ഭീഷണിയായി മാറുന്നത്.
ഫെബ്രുവരിയില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്ത് എഎഫ്ഡി നടത്തുന്ന മുന്നേറ്റത്തിന്റെ തോത്, ജര്‍മന്‍ രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുമെന്നുറപ്പാണ്.
പല സ്റേററ്റുകളിലും ഇതിനകം ശക്തമായ സാന്നിധ്യമായിക്കഴിഞ്ഞു എഎഫ്ഡി. പാര്‍ലമെന്റിലും നിര്‍ണായക ശക്തിയായി മാറിയാല്‍ ഭാവിയിലെങ്കിലും ഇവര്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഭാഗമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Comments: