സിഡ്നി: ബോണ്ടി ബീച്ച് കൂട്ടക്കൊല: അക്രമി ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം; നടുക്കത്തില്‍ കുടുംബം!
ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചില്‍ ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെ 16 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഹൈദരാബാദ് സ്വദേശിയെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിനിടെ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട 50~കാരനായ സാജിദ് അക്രം ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്നയാളാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിച്ചു. ഇയാളുടെ തീവ്രവാദ നിലപാടുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്ന് ഹൈദരാബാദിലെ കുടുംബാംഗങ്ങള്‍ മൊഴി നല്‍കി.
ഹൈദരാബാദില്‍ നിന്ന് കൊമേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയ സാജിദ്, 1998 നവംബറിലാണ് ജോലി തേടി ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്. അവിടെ വെച്ച് ഒരു യൂറോപ്യന്‍ യുവതിയെ വിവാഹം കഴിച്ച ഇയാള്‍ക്ക് ഒരു മകനും മകളുമുണ്ട്. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ആറ് തവണ മാത്രമാണ് ഇയാള്‍ ഇന്ത്യ സന്ദര്‍ശിച്ചത്. പിതാവ് മരിച്ച സമയത്ത് പോലും ഇയാള്‍ നാട്ടിലെത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. ഇയാളുടെ തീവ്രവാദ ബന്ധങ്ങള്‍ക്ക് ഇന്ത്യയുമായോ ഹൈദരാബാദുമായോ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് ബോണ്ടി ബീച്ചില്‍ ഹനൂക്ക (ഒമിൗസസമവ) ആഘോഷത്തിനെത്തിയവര്‍ക്ക് നേരെ സാജിദ് അക്രമും മകന്‍ നവീദ് അക്രമും (24) വെടിയുതിര്‍ത്തത്. ഓസ്ട്രേലിയന്‍ ചരിത്രത്തിലെ ഏറ്റവും ഭീകരമായ അക്രമങ്ങളില്‍ ഒന്നായ ഇതില്‍ 10 വയസ്സുള്ള പെണ്‍കുട്ടിയും പ്രശസ്തനായ റബ്ബിയും ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടു. സംഭവസ്ഥലത്ത് വെച്ച് തന്നെ സാജിദിനെ പോലീസ് വധിച്ചു. പരിക്കേറ്റ മകന്‍ നവീദ് നിലവില്‍ സിഡ്നിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് തൊട്ടു മുന്‍പ് ഇരുവരും ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഐഎസ് ഭീകര സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
ഹൈദരാബാദിലെ ടോളിചൗക്കിയിലുള്ള ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തി. അതേസമയം ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലെ ആക്രമണത്തില്‍ പരിക്കേറ്റ 40 പേരില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ രണ്ടുപേര്‍ ചികിത്സയിലാണ്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Comments: