അതേസമയം, യുക്രെയ്നും ആശാവഹമായ സ്ഥിതിയലല്ല ഇപ്പോള്‍. യുക്രെയ്ന് സൈനിക സഹായം നല്‍കുന്നതിനെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളില്‍ എതിര്‍ ശബ്ദങ്ങള്‍ ശക്തമായിക്കൊണ്്ടിരിക്കുന്നു. ആഗോള തലത്തില്‍ പിന്തുണ ആര്‍ജിക്കാനുള്ള യുക്രെയ്ന്‍ പ്രസിഡന്റ് വോലോദിമിര്‍ സെലന്‍സ്കിയുടെ ശ്രമങ്ങളും പാശ്ചാത്യലോകത്തിനു പുറത്ത് വിജയം കണ്ടില്ല. യൂറോപ്പിന്റെ പ്രശ്നം ലോകത്തിന്റെ മുഴുവന്‍ പ്രശ്നമായി കാണാന്‍ സൗകര്യമില്ലെന്ന ഇന്ത്യയുടെ നിലപാടാണ് പ്രത്യക്ഷമായും പരോക്ഷമായും പല രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്.
യഥാര്‍ഥത്തില്‍ പത്ത് വര്‍ഷം മുന്‍പേ തുടങ്ങിയതാണ് യുക്രെയ്ന് അധിനിവേശത്തിനുള്ള റഷ്യയുടെ ശ്രമങ്ങള്‍. 2014ല്‍ റഷ്യയുടെ സ്വന്തക്കാരനായ അന്നത്തെ യുക്രെയ്ന്‍ പ്രസിഡന്‍റ് വിക്ടര്‍ യാനുകോവിച്ചിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവും പിന്നാലെ പുറത്താകലുമുണ്ടായി. ഇതോടെ ആശങ്കയിലായ റഷ്യ അന്നു നടത്തിയ അധിനിവേശത്തില്‍ യുക്രെയ്നിലെ ക്രിമിയ പിടിച്ചെടുക്കുകയും സ്വന്തം പ്രവിശ്യയാക്കി മാറ്റുകയും ചെയ്തിരുന്നു.
മാര്‍ച്ചില്‍ നടക്കുന്ന റഷ്യന്‍ തെരഞ്ഞെടുപ്പില്‍ വ്ലാദിമിര്‍ പുടിന്‍ വീണ്ടും പ്രസിഡന്റാകുമെന്നാണ് വിലയിരുത്തല്‍. യുക്രെയ്നില്‍ മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഒക്ടോബറില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും നടക്കേണ്ടതാണെങ്കിലും യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കാന്‍ സാധ്യത ഏറെയാണ്. പഴയ സോവിയറ്റ് റിപ്പബ്ളിക്കുകളില്‍ റഷ്യ കഴിഞ്ഞാല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് യുക്രെയ്ന്‍. ജനസംഖ്യയുടെ വലിയ ഭാഗം ഇപ്പോഴും റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ്. പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. 2001ലെ കണക്കുകള്‍ പ്രകാരം 80 ലക്ഷം റഷ്യക്കാര്‍ യുക്രെയ്നിലുണ്ടായിരുന്നു. ഈ ആഭ്യന്തര പിന്തുണ തന്നെയാണ് ഇവിടെ റഷ്യയുടെ ഏറ്റവും വലിയ കരുത്തും.
എന്നാല്‍, 30 ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ഒന്നരക്കോടി ആളുകളാണ് റഷ്യയുടെ അതിക്രമം കാരണം യുക്രെയ്നില്‍ നിന്ന് അഭയാര്‍ഥികളായി അതിര്‍ത്തി കടന്ന് പുറത്തുപോയത്. 587 കുട്ടികള്‍ ഉള്‍പ്പെടെ 30,457 സാധാരണക്കാര്‍ വിവിധ ആക്രമണങ്ങളില്‍ മരിച്ചു. യുക്രെയ്നില്‍ നാലു ലക്ഷവും റഷ്യയില്‍ മൂന്നു ലക്ഷവും സൈനികര്‍ മരിച്ചു.
ഒന്നര ലക്ഷം സ്വകാര്യ ഭവനങ്ങളും 19,000 അപ്പാര്‍ട്മെന്റുകളും തകര്‍ക്കപ്പെട്ടു, 50 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ടു, യുക്രെയ്നിലെ ദാരിദ്യ്ര നിരക്ക് 5.5 ശതമാനത്തില്‍നിന്ന് 24 ശതമാനമായി ഉയരുകയും ചെയ്തു. റഷ്ന്‍ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയ്ന്റെ അടിസ്ഥാനസൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ 35,000 കോടി ഡോളര്‍ വേണമെന്നാണ് ഇപ്പോഴത്തെ അവസ്ഥയില്‍ കണക്കാക്കുന്നത്.

Comments: