Today: 27 May 2022 GMT   Tell Your Friend
Advertisements
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
Photo #1 - India - Samakaalikam - agricultural_article_by_adv_vc_sebastian

തകര്‍ന്നടിഞ്ഞ കാര്‍ഷികമേഖലയെ ഉറ്റുനോക്കി നിരാശയുടെ നിറകണ്ണുകളുമായി കര്‍ഷകരിന്ന് നെടുവീര്‍പ്പിടുന്നു. കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലിരിക്കുന്ന ജനാധിപത്യസര്‍ക്കാരിന്റെ മുമ്പില്‍ തൊഴുകൈകളുമായി കുമ്പിട്ടിട്ടും പുറംതിരിഞ്ഞുനില്‍ക്കുന്ന ധാര്‍ഷ്ഠ്യവും ധിക്കാരവും സഹിക്കുന്നതിനുമപ്പുറമാണിന്ന്. കാലങ്ങളായി കര്‍ഷകനെ ബൂര്‍ഷ്വയായി ചിത്രീകരിച്ചവരേക്കാള്‍ അതിക്രൂരന്മാരായി സംരക്ഷകരെന്ന് വീമ്പിളക്കി നടന്നവര്‍ മാറിയിരിക്കുമ്പോള്‍ കൊടും ചതിയുടെയും വഞ്ചനയുടെയും ചരിത്രത്താളുകള്‍ തുറക്കാതെ നിവൃത്തിയില്ല. നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാരെന്നുള്ള അന്വേഷണം എത്തിച്ചേരുന്നത് ഈ ചരിത്രസത്യങ്ങളുടെ പിന്നാമ്പുറങ്ങളിലേയ്ക്കാണ്. അടിമകളേപ്പൊലെ കാല്‍ക്കീഴിലൊതുക്കി വിഢിവേഷം കെട്ടിച്ച് കര്‍ഷകനെ വിലപറഞ്ഞ് വിറ്റ രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ ദുര്‍ച്ചെയ്തികള്‍ക്കെതിരെ എല്ലാം നഷ്ടപ്പെടുന്ന അവസരത്തിലെങ്കിലും വിരല്‍ചൂണ്ടുവാന്‍ കര്‍ഷകനുണരണം.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ കാര്‍ഷികസംസ്കാരത്തിന് ഊടും പാവും നേടാനായത് 1940കളിലാണ്. 1940കളിലെ "ഗ്രോ മോര്‍ ഫുഡ്' പദ്ധതിയും 1950 കളിലെ ഭക്ഷ്യനാണ്യവിളകളുടെ സമഗ്ര ഉല്പാദന പദ്ധതിയുമാണ് ഇന്ത്യയുടെ കാര്‍ഷിക മുന്നേറ്റത്തിന്റെ നാഴികക്കല്ലുകള്‍. 1968ല്‍ തുടക്കംകുറിച്ച ഹരിതവിപ്ളവം കാര്‍ഷിക രംഗത്ത് പുത്തന്‍ ഉണര്‍വേകി. തുടര്‍ന്നിങ്ങോട്ട് 1996ലെ എവര്‍ഗ്രീന്‍ വിപ്ളവം, മത്സ്യം വെള്ളം ലക്ഷ്യം വെച്ച നീലവിപ്ളവം. വര്‍ദ്ധിച്ച ക്ഷീര ഉല്പാദനം വിളിച്ചറിയിച്ച വെള്ളവിപ്ളവം, ധാന്യങ്ങളുടെ വിളവ് വര്‍ദ്ധനവിനായി മഞ്ഞ വിപ്ളവം, ബയോ ടെക്നോളജി റെവല്യൂഷന്‍, എന്നിങ്ങനെ ഭാരത കാര്‍ഷിക മേഖലയിന്ന് ഐസിറ്റി വിപ്ളവത്തിലൂടെ സഞ്ചരിക്കുന്നു. നേട്ടങ്ങള്‍ ഒട്ടേറെ അവകാശപ്പെടുന്നുണ്ടെങ്കിലും കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കും കര്‍ഷകരുടെ നിലനില്‍പ്പിനും പുരോഗതിക്കും ഈ വിപ്ളവങ്ങള്‍ക്കായോ എന്ന് വിലയിരുത്തുവാന്‍ ആരും തയ്യാറാകുന്നില്ല. ഈ കാലയളവില്‍ ആഗോളകാര്‍ഷിക മേഖലയിലെ വളര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇന്ത്യ വളരെ പിന്നിലാണെന്നുള്ളതാണ് വാസ്തവം.

വിവിധ കാര്‍ഷിക വിപ്ളവങ്ങളിലൂടെ 1990 വരെ നാലു തൂണുകളില്‍ നിലനിന്ന് പ്രതീക്ഷകളോടെ ഇന്ത്യമുന്നേറി. 1991~ലെ ആഗോളവല്‍ക്കരണത്തിലൂടെ ആദ്യത്തെ തൂണ്‍ ഇടിഞ്ഞുവീണു. 1995ല്‍ ലോകവ്യാപാരസംഘടയില്‍ അംഗമായി കാര്‍ഷികമേഖലയൊന്നാകെ വിദേശശക്തികളുടെ കാല്‍ക്കീഴിലാക്കിയപ്പോള്‍ അടുത്ത തൂണും, 2004ല്‍ ആസിയാന്‍ കരാറിലൂടെയും 2009ല്‍ ചരക്കുനിയന്ത്രണം എടുത്തു കളഞ്ഞതിലൂടെയും മൂന്നാമത്തേ തൂണും നിലംപരിശായി. ഇങ്ങനെ ഒറ്റത്തൂണില്‍ നിന്ന് ആടിയുലയുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ കര്‍ഷകനെ മറന്ന് വ്യവസായലോബികള്‍ക്കും വിദേശശക്തികള്‍ക്കുമായി തീറെഴുതിക്കൊടുത്തത് കോണ്‍ഗ്രസ്നേതൃത്വ യുപിഎ സര്‍ക്കാരാണെന്ന് തിരിച്ചറിഞ്ഞ് തെളിവുസഹിതം പറയുവാന്‍ കര്‍ഷകര്‍ക്ക് സാധിക്കണം.

അധികാരത്തിലിരുന്നപ്പോള്‍ കര്‍ഷകനെ ക്രൂശിച്ചവര്‍ കര്‍ഷക സ്നേഹത്തിന്റെ മുതലക്കണ്ണീരൊഴുക്കി ജനരക്ഷ വിളിച്ചുപറഞ്ഞ് നാടു ചുറ്റുന്നു. ഇന്നലകളില്‍ രാജ്യംകണ്ട വന്‍ അഴിമതികളെയും കര്‍ഷകദ്രോഹങ്ങളെയും വെള്ളപൂശി കര്‍ഷകരെ വിഢികളാക്കുവാന്‍ ചിലകേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. കര്‍ഷകരെ നിരന്തരം ദ്രോഹിക്കുകയും കഴിഞ്ഞ നാലര വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് അധികാരത്തിലിരിക്കെ റബറുള്‍പ്പെടെ കാര്‍ഷികമേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമായി തുടര്‍ന്നിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാനാവാതെ വാഗ്ദാനപ്പെരുമ്പറ മുഴക്കി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കുശാഗ്രബുദ്ധിയെ കേരളത്തിലെ കര്‍ഷകര്‍ പുഛിച്ചുതള്ളണം.

സാമ്പത്തികവല്‍ക്കരണത്തിന്റെ മറപിടിച്ച് അന്തര്‍ദ്ദേശീയ കരാറുകളില്‍ ഒപ്പുവച്ച് ഈ നാടിനെ വിദേശശക്തികള്‍ക്ക് വിപണിയ്ക്കായി തീറെഴുതി തുറന്നുക്കൊടുത്തവര്‍, അനിയന്ത്രിതമായ റബര്‍ ഇറക്കുമതിക്ക് കുടപിടിച്ച് ഇന്ത്യയിലെ റബര്‍ കൃഷിക്കാരന്റെ നടുവൊടിച്ചവര്‍, പരിസ്ഥിതിയേയും മണ്ണിനേയും എക്കാലവും സംരക്ഷിക്കുന്ന പശ്ചിമഘട്ടത്തിലെ കര്‍ഷകജനതയുടെ ജീവിതത്തിനും ജീവനും വെല്ലുവിളിയുയര്‍ത്തിയ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലൂടെ കപടപരിസ്ഥിതി വാദികള്‍ക്കും വിദേശസാമ്പത്തിക ഏജന്‍സികള്‍ക്കും ഓശാന പാടിയവര്‍. പിറന്നുവീണ സ്വന്തം മണ്ണില്‍ അന്യനേപ്പോലെ കഴിയേണ്ടിവരുന്ന ഗതികെട്ട അവസ്ഥയിലേയ്ക്ക് കേരളത്തിലെ മലയോര മേഖലയിലെ ലക്ഷക്കണക്കിന് ജനങ്ങളെ ഉപാധിരഹിത ഉടമസ്ഥാവകാശം നല്‍കാതെ മാറിമാറി ഭരിച്ച് ദ്രോഹിച്ചവര്‍. ഇവര്‍ക്കെങ്ങനെ കര്‍ഷകരുടെ സംരക്ഷകരാകാനാകും?

കടലിന്റെ മക്കളെ കണ്ണീര്‍ക്കയത്തിലേയ്ക്ക് തള്ളിയിട്ടിരിക്കുന്ന ഡോ.മീനാകുമാരി കമ്മീഷനെ നിയമിച്ച് പ്രത്യേക അധികാരപത്രം നിശ്ചയിച്ചുകൊടുത്തതും കഴിഞ്ഞ യുപിഎ സര്‍ക്കാരാണെന്ന സത്യം തീരദേശജനതയ്ക്കറിയാം. റബര്‍ കര്‍ഷകരുടെ രോദനം കേള്‍ക്കുവാനും കടലോരത്തെ ജനങ്ങളുടെ ദൂഃഖമകറ്റുവാനും സാധിക്കാത്തവരുടെ കപടരാഷ്ട്രീയത്തിന്റെ മുഖംമൂടി വലിച്ചുകീറുവാനും, കാപട്യം തിരിച്ചറിയുവാനും കര്‍ഷകര്‍ക്കാകണം.

സ്റേററ്റ് പ്ളാനിംഗ് ബോര്‍ഡിന്റെ 2015ലെ എക്കണോമിക് റിവ്യൂ പ്രകാരം കേരളത്തില്‍ 68,31,000 കൃഷിയിടങ്ങളാണുള്ളത്. ആകെ അസംഘടിത കുടുംബങ്ങള്‍ 60,76,155. ഇവരില്‍ ദാരിദ്യ്രരേഖയ്ക്കു താഴെ 20,66,000 പേര്‍. ബാക്കി 40,10155 കുടുംബങ്ങളില്‍ 11 ലക്ഷത്തോളം വരുന്ന മത്സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും ദാരിദ്യ്രരേഖയ്ക്കു താഴെയാണെന്നുള്ള വസ്തുത സര്‍ക്കാര്‍ മറന്നു. ഇതരമേഖലകളിലുള്ള 18 ലക്ഷത്തോളം കര്‍ഷകരുമിന്ന് സര്‍ക്കാരിന്റെ കണക്കില്‍ പെടാതെ ദാരിദ്യ്രരേഖയ്ക്കു താഴെയാണ്. ചുരുക്കത്തില്‍ 66 ലക്ഷം ദരിദ്രകര്‍ഷക കുടുംബങ്ങളുടെ ജീവിതമാര്‍ഗ്ഗമാണ് കൃഷിയും അനുബന്ധമേഖലയും. ഇവര്‍ കേരളത്തിലെ അവഗണിക്കപ്പെടുന്ന ജനവിഭാഗമായി മാറിയിരിക്കുന്നു.

2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുക്കടം 82,486 കോടിയായിരുന്നു. 2015 മാര്‍ച്ച് 31ലെ കണക്കുപ്രകാരം പൊതുക്കടം 1,34,458 കോടിയായി കുത്തനെ വര്‍ദ്ധിച്ചു. സാമ്പത്തികകാര്യവിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ 2016 മാര്‍ച്ചിലിത് 1,59,000 കോടിയായി മാറും. അഞ്ചുവര്‍ഷത്തെ ഭരണംകൊണ്ട് സംസ്ഥാനത്തിന്റെ പൊതുക്കടം 100 ശതമാനത്തോളം വര്‍ദ്ധിക്കാവുന്ന സാമ്പത്തിക കെടുകാര്യസ്ഥതയുടെ യാഥാര്‍ത്ഥ്യം പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം ജനാധിപത്യസര്‍ക്കാരിനുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത പരിഹരിക്കുവാന്‍ അധികനികുതിഭാരം മുഴുവന്‍ അടിച്ചേല്‍പ്പിച്ചത് പ്രധാനമായും കര്‍ഷകരുടെമേലാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിചാര്‍ജ് മറ്റു സംസ്ഥാനങ്ങളില്‍ സൗജന്യമായിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചു. വീട്ടുകരവും വെള്ളക്കരവും കൂട്ടി. കെഎസ്ആര്‍ടിസിയില്‍ സെസ് വേറെ. 2011~12ല്‍ ഒരു ഹെക്ടറിന് 100 രൂപയായിരുന്ന ഭൂനികുതി 2015~16ല്‍ മുന്‍കാല പ്രാബല്യത്തോടെ 800 രൂപയായി. റബര്‍ സഹായധന പദ്ധതിയുടെ മറവില്‍ 3 ലക്ഷത്തിലേറെ കര്‍ഷകരില്‍ നിന്ന് വര്‍ദ്ധിപ്പിച്ച ഭൂനികുതി സംസ്ഥാന സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പിടിച്ചുവാങ്ങി. ഇങ്ങനെയടച്ച നികുതിപ്പണംപോലും സഹായധനമായി റബര്‍ കര്‍ഷകര്‍ക്ക് കിട്ടിയില്ലെന്നു മാത്രമല്ല അധികാരത്തിലിരുന്ന് നികുതി വര്‍ദ്ധിപ്പിച്ചവര്‍തന്നെ ഇതിനെതിരെ സമരം ചെയ്യുവാനിറങ്ങിയിരിക്കുന്നത് അപഹാസ്യമാണ്.

കര്‍ഷകരുടെയും ദരിദ്രരുടെയും പക്ഷത്തുനിന്ന് ചില സാമ്പത്തിക സന്ദേഹങ്ങളുയര്‍ത്തട്ടെ. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന്റെ പ്രതിമാസ വരുമാനമായി ഗ്രാമപ്രദേശങ്ങളില്‍ 5270 രൂപയും നഗരപ്രദേശങ്ങളില്‍ 6770 രൂപയും ലഭിക്കുന്നില്ലെങ്കില്‍ അവരെ ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ള ബിപിഎല്‍ കുടുംബങ്ങളായി പരിഗണിക്കപ്പെടുമല്ലോ. അങ്ങനെ 20.66 ലക്ഷം ദരിദ്രകുടുംബങ്ങളാണ് കേരളത്തിലുള്ളതെന്നാണ് അവസാനം ലഭ്യമായ കണക്കുകള്‍. ഈ ദരിദ്രകുടുംബങ്ങളില്‍ കര്‍ഷകരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനുള്ള പ്രധാന കാരണം അവന്‍ ഒരേക്കറിന്റെയെങ്കിലും ഉടമസ്ഥനാണെന്നുള്ളതാണ്.

രണ്ടുഹെക്ടറില്‍ താഴെ റബര്‍കൃഷിയുള്ള 11.71 ലക്ഷം കര്‍ഷകര്‍ കേരളത്തിലുണ്ട്. അവരുടെ കൈവശം 5.53 ലക്ഷം ഹെക്ടര്‍ റബര്‍കൃഷിയുമുണ്ട്. കാലാവസ്ഥകള്‍ അനുകൂലമെങ്കില്‍ ഒരേക്കറില്‍ നിന്നും 600 കിലോ വരെ റബര്‍ ഉല്പാദനം ഒരു വര്‍ഷം പ്രതീക്ഷിക്കാം. ഇപ്പോഴത്തെ വിലയായ 100 രൂപാവച്ച് ആകെ ലഭിക്കാവുന്നത് 60,000 രൂപ. വെട്ടുകൂലിയും പരിചരണവുമായി 32,000 രൂപ ചിലവാകും. അപ്പോള്‍ വാര്‍ഷിക വരുമാനം 28,000 രൂപ. പ്രതിമാസവരുമാനമാകട്ടെ കേവലം 2333 രൂപ മാത്രം. റബര്‍ മുതലാളിമാരെന്നു ചിലകേന്ദ്രങ്ങള്‍ വിളിച്ചാക്ഷേപിക്കുന്ന റബര്‍ കര്‍ഷകര്‍ ദാരിദ്യ്രരേഖയ്ക്കുതാഴെ മാത്രം വരുമാനം ലഭിക്കുന്നവരാണ്. നിലവിലെ വിലയില്‍ റബര്‍ കര്‍ഷകരെ ബിപിഎല്‍ കുടുംബങ്ങളാക്കേണ്ടതല്ലേ?

ഇതിലും കഷ്ടമാണ് നെല്‍കര്‍ഷകരുടെ സ്ഥിതി. ഒരേക്കര്‍ നെല്‍കൃഷിയില്‍ നിന്നും 1000 കിലോ വരെ നെല്ല് ലഭിക്കാം. നിശ്ചിത 19 രൂപ വിലപ്രകാരം ഒരു കൃഷിക്ക് ലഭിക്കുന്നത് 19,000 രൂപ. കൃഷിച്ചെലവ് 10,000 രൂപ മുതല്‍ 12,000 രൂപ വരെ. കര്‍ഷകന്റെ അദ്ധ്വാനം വേറെ. കര്‍ഷകനു ലഭിക്കുന്ന വാര്‍ഷിക വരുമാനം 7000 മുതല്‍ 9000 രൂപ മാത്രം. പ്രതിമാസവരുമാനം ഏതാണ്ട് 700 രൂപ മാത്രം. 21.50 രൂപ ഒരു കിലോ നെല്ലിന് സംഭരണവിലയായി 2015 സെപ്തംബര്‍ 29ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഈ കര്‍ഷകന് എങ്ങനെ ഒരു കുടുംബത്തെ പോറ്റാനാവും? റബറിന്റെയും നെല്ലിന്റെയും മാത്രം കാര്യമല്ല, കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള ഒരു ഏകദേശ ചിത്രമിതാണ്.

ആരോഗ്യപൂര്‍ണ്ണമായ ഒരു കാര്‍ഷിക സംസ്കാരത്തിനുമാത്രമേ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് ശക്തിപകരുന്ന ആഭ്യന്തര കമ്പോളം സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂ. കര്‍ഷകരെ മറന്നുള്ള ഉദ്യോഗസ്ഥ ഭരണ രാഷ്ട്രീയ നേതൃത്വങ്ങളുടെ വികലമായ വികസന അജണ്ടകള്‍ ഭാരതത്തിന്റെ ഭക്ഷ്യഉല്പാദനത്തിലും ധാന്യഉപഭോഗത്തിലും ഇന്ന് പ്രതിഫലിച്ചിരിക്കുകയാണ്. ഭക്ഷ്യസുരക്ഷയെക്കുറിച്ച് കൊട്ടിഘോഷിക്കുമ്പോഴും ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം (്വലൃീ ുീ്ലൃ്േയ) സ്വപ്നം മാത്രമായി നിലനില്‍ക്കുന്നു. ഗ്രാമീണ കാര്‍ഷിക മേഖലകളില്‍ സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ ഗണ്യമായി വെട്ടിച്ചുരുക്കിയത് കാര്‍ഷികമേഖലയില്‍ വളറെ ഗൗരവതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

ഭക്ഷ്യധാന്യങ്ങളുടെ പൊതുസംഭരണവും, വിതരണവും, കര്‍ഷകര്‍ക്ക് ന്യായവിലയ്ക്കുള്ള ഒരു നിശ്ചിത കമ്പോളം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഉല്പാദന വര്‍ദ്ധനവിനുള്ള സാഹചര്യവും ഇന്ന് ഇല്ലാതായിരിക്കുന്നു. കര്‍ഷകര്‍ക്കുള്ള വിത്തും വളവും വന്‍തോതില്‍ വെട്ടിക്കുറച്ചതും വളം, വൈദ്യുതി തുടങ്ങിയവയ്ക്ക് ഉണ്ടായിരുന്ന സബ്സിഡികള്‍ പിന്‍വലിച്ചതും കാര്‍ഷികരംഗത്ത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്ഥിരതയുള്ള ഉല്പന്നകമ്പോളം നഷ്ടപ്പെടുക മാത്രമല്ല കാര്‍ഷികോല്പന്ന വ്യാപാരത്തിലെ അന്തര്‍ദ്ദേശീയ കരാറുകളും കൈകടത്തലുകളും ഉദാരവല്‍ക്കരണവും കൂടി നമ്മെ ചതിക്കുഴിയിലുമാക്കിയിരിക്കുന്നു.

കാര്‍ഷികമേഖലയില്‍ ഇടനിലക്കാരുടെ ചൂഷണം അതിഭീകരമാണ്. സ്വന്തം ഉല്പന്നത്തിന് വിലനിശ്ചയിക്കാന്‍ സാധിക്കാത്ത അവസ്ഥ കര്‍ഷകനു മാത്രമേയുള്ളൂ. കുരുമുളകിന്റെയും അരിയുടെയും ഏത്തക്കായുടെയും വില നിശ്ചയിക്കുന്നത് കച്ചവടക്കാരന്‍. റബറിന്റെ വിലനിശ്ചയിക്കുന്നത് വ്യവസായി. ഇതര കാര്‍ഷികോല്പന്നങ്ങളുടെ വിലനിശ്ചയിക്കുന്നതും വ്യാപാരികള്‍ തന്നെ. അതേസമയം മരുന്ന്, സിമന്റ്, ടയര്‍ എന്നുവേണ്ട കാര്‍ഷികോല്പന്നങ്ങളൊഴിച്ച് വിപണിയിലെ എല്ലാ ഉല്പന്നത്തിന്റെയും വിലനിശ്ചയിക്കുന്നത് ഉല്പാദകനാണ്. വന്‍വ്യവസായികളും വ്യാപാരികളുമടങ്ങുന്ന ഈ ഉല്പാദകകൂട്ടായ്മയുടെ സംഘടിതശക്തിക്കുമുന്നില്‍ ഭരണസംവിധാനങ്ങള്‍ മുട്ടുമടക്കിയിരിക്കുമ്പോള്‍ കര്‍ഷകനെങ്ങനെ രക്ഷപെടും? വിലപേശി സംസാരിക്കുവാന്‍ കര്‍ഷകനാകുമ്പോഴേ അവന്റെ വിയര്‍പ്പിന് വിലകിട്ടുകയുള്ളൂ.

കൃഷി ചെയ്യാന്‍ വായ്പകളും സബ്സിഡിയും പ്രഖ്യാപിച്ച് കാര്‍ഷിക സംസ്കാരത്തിലേയ്ക്ക് ഒരു ജനവിഭാഗത്തെ മുഴുവന്‍ ഇറക്കിവിട്ടതിനുശേഷം പ്രതിസന്ധികളുണ്ടാകുമ്പോള്‍ അവരെ സഹായിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഒളിച്ചോടുന്നത് ശരിയായ നടപടിയല്ല. ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും വര്‍ഷംതോറും സാമ്പത്തിക വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്ന ഭരണനേതൃത്വങ്ങള്‍ പ്രവര്‍ത്തനവൈകല്യം മൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന സര്‍ക്കാര്‍വക സ്ഥാപനങ്ങളുടെയും കമ്പനികളുടേയും ബോര്‍ഡുകളുടേയും കടങ്ങളും നഷ്ടങ്ങളും എഴുതിത്തള്ളുമ്പോള്‍ ഇടനാട്ടിലും മലയോരങ്ങളിലുമുള്ള പാവപ്പെട്ട കര്‍ഷകരെയും, തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളെയും സാധാരണക്കാരെയും നിര്‍ദ്ദയം അവഗണിക്കുന്നതും കടുത്ത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതും അനീതിയാണ്.

സാമ്പത്തിക പ്രതിസന്ധിമൂലം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന അതിദാരുണമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നതിനെ അധികാരകേന്ദ്രങ്ങള്‍ നിസാരവല്‍ക്കരിച്ചുകാണരുത്. കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമാണെങ്കിലും ആത്മഹത്യയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിയണം. കടക്കെണിയിലായി ജപ്തിഭീഷണി നേരിടുന്ന കര്‍ഷകര്‍ ഇന്‍ഫാമുമായി ബന്ധപ്പെട്ടാല്‍ നിയമസഹായമുള്‍പ്പെടെ തുടര്‍ക്രമീകരണങ്ങള്‍ ഇന്‍ഫാം ചെയ്യുന്നതാണ്. റബറിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും റബറുല്പന്നങ്ങളുടെ വില കുറയ്ക്കുവാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്തതില്‍ ദുരൂഹതയുണ്ട്. കര്‍ഷക സമരങ്ങളെ അട്ടിമറിക്കുവാന്‍ ചില രാഷ്ട്രീയ നേതൃത്വങ്ങള്‍ വ്യവസായികളുമായി ഒത്തുചേര്‍ന്ന് വഞ്ചനാപരമായ ഇടപാടുകള്‍ നടത്തുന്നതായി സംശയിക്കുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടെയും അധികാര കേന്ദ്രങ്ങളുടെയും വാചകക്കസര്‍ത്തുകളിലും വാഗ്ദാനങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട കര്‍ഷകര്‍, ഇന്നലെകളില്‍ അടിമകളേപ്പോലെ ഇക്കൂട്ടര്‍ക്ക് സേവനം ചെയ്തുവെന്നത് സത്യമാണ്. ബോധ്യങ്ങളില്‍ നിന്നവന്‍ ഉണര്‍ന്നു ചിന്തിക്കുമ്പോള്‍ ഈ ജീവിതത്തിലെ ഒരു നിമിഷമെങ്കിലും സിഹത്തെപ്പോലെ ഗര്‍ജിക്കണമെന്ന് ഉള്ളിലിവര്‍ക്ക് മോഹമുണ്ട്. അതു സാധിക്കണമെങ്കില്‍ രാഷ്ട്രീയ അതിപ്രസരത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് മുന്നേറുവാന്‍ കര്‍ഷകര്‍ക്കാകണം. അവകാശസംരക്ഷണത്തില്‍ ലോകത്തില്‍തന്നെ ഏറ്റവുംകൂടുതല്‍ പ്രസ്ഥാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. ഇവയൊക്കെ അഞ്ചക്കശമ്പളം പ്രതിമാസം മേടിക്കുന്ന ഉന്നതവിദ്യാഭ്യാസമുള്ള ജീവനക്കാരും, സമൂഹത്തില്‍ ശക്തിയുള്ളവരും കൂടുതല്‍ അവകാശങ്ങള്‍ നേടുവാന്‍ സ്വയം സംഘടിക്കുന്നവരുമാണ്. എക്കാലവും ചൂഷണത്തിന് വിധേയമായിരിക്കുന്ന കര്‍ഷകര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നവര്‍ക്കും എല്ലാം നഷ്ടപ്പെടുന്ന സാഹചര്യത്തിലും നിരന്തരം വഞ്ചിക്കപ്പെടുന്ന അവസ്ഥയിലും സംഘടിച്ചുമുന്നേറുവാനും നെഞ്ചുനിവര്‍ത്തിനിന്ന് പ്രതികരിക്കുവാനും സാധിക്കണം.

ഏവര്‍ക്കും സ്വീകാര്യമായ ഒരു സമ്പദ്വ്യവസ്ഥയുടെ അഭാവമാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രതിസന്ധി. സര്‍ക്കാര്‍ വരുമാനം നീതിപൂര്‍വ്വം വീതംവച്ചുകൊണ്ട് ഉല്പാദനശക്തികളെ പരമാവധി ഉപയോഗപ്പെടുത്തി എല്ലാ പൗരന്മാര്‍ക്കും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുവാന്‍ പര്യാപ്തമായ ഒരു സാമ്പത്തിക നയമില്ലായ്മ നമ്മെയിന്ന് വന്‍പ്രതിസന്ധിയിലാക്കിയിരിക്കുന്നു. മറിച്ച് അഴിമതിയും ചൂഷണവും കെടുകാര്യസ്ഥതയും ജീവിതഭാഗമായി, ദാരിദ്യ്രം വര്‍ദ്ധിച്ചു. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള കര്‍ഷകര്‍, കര്‍ഷകകത്തൊഴിലാളികള്‍, മത്സ്യബന്ധനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ദരിദ്രര്‍, അവശതയനുഭവിക്കുന്നവര്‍, എന്നിവര്‍ക്ക് സംസ്ഥാനത്തിന്റെ ധനവിഭവങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ പങ്കുവയ്ക്കപ്പെടണം.

റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കാനും അഭ്യന്തര ഉപയോഗം വര്‍ദ്ധിപ്പിക്കുവാനും, വിലയിടിവില്‍ റബര്‍ സംഭരിക്കുവാനും സര്‍ക്കാരുകള്‍ മടിച്ചുനില്‍ക്കുന്നത് ദുഃഖകരമാണ്. സമാനപ്രതിസന്ധി നേരിടുന്ന ഏലമുള്‍പ്പെടെയുള്ള വിവിധ നാണ്യവിളകളുടെ പ്രശ്നങ്ങളിലും സര്‍ക്കാര്‍ ഇടപെടലുകള്‍ അനിവാര്യമാണ്. കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാര്‍ഷിക ബഡ്ജറ്റ് അവതരിപ്പിക്കണം. വിളകള്‍ക്ക് ഉല്‍പ്പാദനച്ചിലവിന്റെ ഇരട്ടി തുകയെങ്കിലും ലഭിക്കത്തക്കവിധത്തില്‍ വിലസ്ഥിരത ഉറപ്പ് വരുത്തണം. സംസ്ഥാന സര്‍ക്കാര്‍ പതിന്മടങ്ങായി വര്‍ദ്ധിപ്പിച്ചിരിക്കുന്ന ഭൂനികുതി പിന്‍വലിക്കണം. പശ്ചിമഘട്ടത്തിലെ കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം. കര്‍ഷകരുടെ ഭൂമിക്ക് ഉപാധിരഹിത പട്ടയം ലഭ്യമാക്കണം. മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന തീരദേശവാസികളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതികളുടെയും മീനാകുമാരി കമ്മീഷന്റെയും റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മലയോര തീരദേശ മേഖലകളിലെ ജനങ്ങളിലുടലെടുത്തിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടണം. മേല്‍സൂചിപ്പിച്ച ആവശ്യങ്ങള്‍ നേടിയെടുക്കുവാന്‍ കര്‍ഷകര്‍ സംഘടിച്ചേ പറ്റൂ.

~ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍, ദേശീയ സെക്രട്ടറി ജനറല്‍, ഇന്‍ഫാം

- dated 21 Jan 2016


Comments:
Keywords: India - Samakaalikam - agricultural_article_by_adv_vc_sebastian India - Samakaalikam - agricultural_article_by_adv_vc_sebastian,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220226ukraine
യുക്രെയ്ന്‍ പ്രശ്നം: കരുതലോടെ ഇന്ത്യ
തുടര്‍ന്നു വായിക്കുക
23620215twitter
ഇന്ത്യയില്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ക്ക് രാഹുകാലം
തുടര്‍ന്നു വായിക്കുക
12520211covid
മഹാമാരിക്കാലത്തെ മഹാപാപികള്‍
തുടര്‍ന്നു വായിക്കുക
29420211covid
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിനു പിന്നില്‍ എന്ത്
തുടര്‍ന്നു വായിക്കുക
199202010child
കോവിഡ് കാലത്ത് ഇന്ത്യയില്‍ ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us