Today: 19 Aug 2022 GMT   Tell Your Friend
Advertisements
മാധ്യമങ്ങള്‍ നല്‍കുന്ന മധുര പലഹാരങ്ങള്‍
Photo #1 - U.K. - Arts-Literature - karoor_soman_article_17_may
കേരളത്തിന്റെ ചരിത്ര~ സാമൂഹ്യ~ സാഹിത്യ ~ സാംസ്കാരിക രംഗത്ത് പ്രമുഖ സ്ഥാനമാണ് മാധ്യമങ്ങള്‍ക്കുള്ളത്. അവര്‍ നല്കുന്ന മുധര പലഹാരങ്ങള്‍ മായം ചേര്‍ത്തതാണോ അല്ലയോ എന്നത് അതനുഭവിക്കുന്നവരാണ് തീരുമാനിക്കേണ്ടത്. മാധ്യമ രംഗത്തേക്ക് മലയാളികളെ വഴി നടത്തിയത് ക്രിസ്തീയ മിഷനറിമാരാണ്. അതില്‍ പ്രധാനി മലയാള ഭാഷയെ വ്യാകരണ~ വൈജ്ഞാനിക ഗ്രന്ഥങ്ങളാല്‍ സൗന്ദര്യമയമാക്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ്. മലയാളത്തില്‍ ആദ്യമായി 1847 ജൂണില്‍ "രാജ്യസമാചാരം' എന്ന പത്രമാണ് തലശ്ശേരിയിലെ ഇല്ലിക്കുന്നത്ത് നിന്നാരംഭിച്ചത്. ഇദ്ദേഹത്തിന്റെ സഹായിയായിട്ടു വന്ന മറ്റൊരു ജര്‍മന്‍ മിഷനറി എഫ്. മുള്ളര്‍ 1847 ഒക്ടോബറില്‍ മലയാളത്തിലെ രണ്ടാമത്തെ പത്രമായ "പഞ്ചിമോദയം' പുറത്തിറക്കി. തുടര്‍ന്ന് ജ്ഞാനനിക്ഷേപം, പശ്ചിമതാരയും പുറത്തു വന്നു. ഇവരുടെയെല്ലാം പ്രത്യേകത രാജഭക്തിയായിരുന്നു. ഇവര്‍ ഒരു പത്രപ്രവര്‍ത്തകന്റെ സാഹസികതയ്ക്ക് ശ്രമിക്കാത്തത് സിംഹാസനങ്ങളെ ഭയന്നതുകൊണ്ടാണ്. സമ്പത്തും ഔദാര്യവും കൂടുന്നതിനുസരിച്ച് സമൂഹത്തിലെ സമ്പന്ന~ അധികാരികളുടെ ഗുണഗണങ്ങള്‍ പ്രവാഹം പോലെ ഒഴുകുമല്ലോ. ഈ സവര്‍ണ്ണ മേധാവികളുടെ കാരാഗൃഹത്തില്‍ കിടക്കാനോ കടാക്ഷപാദങ്ങളില്‍ കുമ്പിടാനോ വിവേകശാലികളായവര്‍ക്ക് കഴിഞ്ഞില്ല. അവരുടെയുള്ളില്‍ പകയും വിദ്വേഷവും ജ്വലിച്ചുകൊണ്ടിരുന്നു. ഈ സാമൂഹ്യ വൈകൃത ഭീകരതക്കെതിരെ ആത്മധൈര്യത്തോടും പൊരുതാന്‍ മുന്നോട്ടു വന്ന മനുഷ്യസ്നേഹിയായിരുന്ന അബ്ദുല്‍ ഖാദര്‍ മൗലവി. അദ്ദേഹം 1905 ജനുവരിയില്‍ "സ്വദേശാഭിമാനി' അഞ്ചുതെങ്ങില്‍ നിന്നാരംഭിച്ചു. 1906~ല്‍ സി.പി. ഗോവിന്ദപിള്ളയും തുടര്‍ന്ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഇതിന്റെ പത്രാധിപരായി. രാജ~ജന്മി~നാടുവാഴി~പൗരോഹിത്യ കൂട്ടുകെട്ടില്‍ പാവങ്ങളും താഴ്ന്ന ജാതിയിലുള്ളവരും അടിമകളെപ്പോലെ പണിചെയ്തിട്ടും പ്രതിഫലമായി ലഭിച്ചത് സ്ത്രീകളുടെ മാനം നഷ്ടപ്പെടുന്നതും, മര്‍ദ്ദനങ്ങളും ചാട്ടവാറടികളുമായിരുന്നു. ഇതിനെതിരെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പൊട്ടിത്തെറിച്ചു. ആ പൊട്ടിത്തെറിയില്‍ ന്യായാധിപന്മാര്‍ക്കും പരുക്ക് പറ്റി. നീതിപീഠങ്ങള്‍ ആരുടെയും വാലാട്ടികളാകാന്‍ പാടില്ലെന്ന് അദ്ദേഹം കോടതിയിലും വാദിച്ചു. ആ കൂട്ടുകച്ചവടത്തിന്റെ ഫലമായി അദ്ദേഹത്തെ നാടുകടത്തി. ഇവിടെ ഒരു ചോദ്യമുയരുന്നത് എന്തുകൊണ്ടാണ്. ഈ ധാര്‍മ്മിക മൂല്യങ്ങള്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടില്‍ ഇല്ലാതെ പോയത്? ആത്മാവില്‍ പുഞ്ചിരി പ്രഭ പൊഴിക്കുന്ന ഗുണ്ടര്‍ട്ടിന് ഗര്‍ഭത്തില്‍ വെച്ചു തന്നെ പാപത്താല്‍ ജനിക്കുന്നവനെ അറിയാമായിരുന്നു. മൃഗബലിയിലും നരബലിയിലും പുളകം കൊണ്ട് പാവങ്ങളെ ഉപദ്രവിച്ചും മനുഷ്യ~മൃഗങ്ങളുടെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞ് നടക്കുന്ന സാമൂഹ്യസേവകര്‍ക്കും മുന്നില്‍ ഒരു വിദേശിക്ക് നാവുയര്‍ത്താന്‍ കഴിയില്ല. അഥവാ നാവുയര്‍ന്നാല്‍ ആ നാവ് അരിഞ്ഞു മാറ്റുക മാത്രമല്ല അദ്ദേഹത്തിന്റെ തലയോട്ടിയും ഇവരുടെ കഴുത്തില്‍ ഒട്ടിപ്പിടിച്ചു കിടക്കുകതന്നെ ചെയ്യും. ഈ കാലത്ത് ആശാന്‍ കവിതകള്‍ സമൂഹത്തില്‍ കോളിളക്കം ഉണ്ടാക്കിക്കൊണ്ടിരുന്നു. ഇന്നത്തെ മാധ്യമങ്ങള്‍ അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള ജൈത്രയാത്രകള്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ ഒരു നിമിഷം മനുഷ്യസ്നേഹിയും രാജ്യസ്നേഹിയുമായ ദേശാഭിമാനി രാമകൃഷ്ണപിള്ളയേയും ഗുരുദേവനടക്കമുള്ള നമ്മുടെ നവോത്ഥാന നായകന്മാരെ ഓര്‍ക്കുന്നത് നല്ലതുതന്നെ. ഇന്‍ഡ്യയില്‍ ആയിരമായിരം നാവുകളുയര്‍ന്നതോടെ ജീവന്‍ കൊടുത്തതിലൂടെ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. നമ്മുടെ സാമൂഹ്യജീവിതത്തില്‍ കുറെ മാറ്റങ്ങള്‍ വന്നതല്ലാതെതെന്ത് വികസനമാണുള്ളത്? മാധ്യമങ്ങളുടെ മൂക്കിന് താഴേ എത്രയോ ഹീനമായ കാര്യങ്ങള്‍ നടക്കുന്നു. എന്താണ് നാം കാണുന്ന വികസനം? അഴിമതി, പ്രകൃതിയെ നശിപ്പിക്കുക, വര്‍ഗ്ഗീയത, അസഹിഷ്ണുത, പട്ടിണി, തൊഴിലില്ലായ്മ, സ്ത്രീകളോടു കാട്ടുന്ന ക്രൂരത, നീതി ലംഘനങ്ങളെങ്ങനെ വികസിക്കയല്ല? നാം മലയാളികളികള്‍ എന്തുകൊണ്ട് പ്രവാസിയാകുന്നു?
മാധ്യമരംഗത്ത് ഉന്നതര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആദര്‍ശമൂല്യങ്ങളുടെ കഴുത്തില്‍ ഇന്നാരാണ് കത്തി വെക്കുന്നത്? തീണ്ടലും തൊടീലും മാറിയെങ്കിലും സമൂഹത്തിന്റെ പല മേഖലകളിലും സവര്‍ണ്ണ~അവര്‍ണ്ണ മേധാവിത്വം നിഗൂഢമായി ഇന്നും തുടരുകയല്ലേ?

ലോകത്ത് നടക്കുന്ന ഓരോ സംഭവവികാസങ്ങള്‍ എത്ര വേഗത്തിലാണ് മാധ്യമങ്ങള്‍ നമ്മുടെ സ്വീകരണ മുറിയിലെത്തിക്കുന്നത്. ചെങ്കോലും പട്ടും തലപ്പാവും മാറിയെങ്കിലും ദൈവത്തിന്റെ മുഖവും പിശാചിന്റെ കണ്ണുകളുമുള്ളവരുടെ മുന്നില്‍ പത്രപ്രവര്‍ത്തനം അത്ര നിസ്സാരമല്ല. യുദ്ധ~ ദുരന്തമുഖത്തുനിന്നുള്ള തടക്കം സാഹസിക, അന്വേഷണാത്മക വാര്‍ത്തകള്‍ക്കായി മഴയിലും വെയിലിലും മഞ്ഞിലും ധാരാളം സഹനങ്ങള്‍ സഹിച്ചാണു മാധ്യമവര്‍ത്തകര്‍ സഞ്ചരിക്കുന്നത്. ഇതിനിടയിലെ മാനസിക സമ്മര്‍ദ്ദങ്ങളും ഭയവും ഭീതിയും മരണവും അവരെ പിന്‍തുടരുന്നു. ഇവര്‍ക്ക് എന്ത് സുരക്ഷയാണ് സര്‍ക്കാരുകള്‍ നല്കുന്നത്? ഞാന്‍ പത്രലോകത്തുണ്ടായിരുന്നപ്പോള്‍ രണ്ട് പ്രാവശ്യമാണു ഈ കപ്പായമണിഞ്ഞത്. ആദ്യം ദൈവത്തിന്റെയും പിശാചിന്റെയും ഇടയില്‍ അകപ്പെട്ടത് കാലിസ്ഥാന്‍ നേതാവ് ബിന്ദ്രര്‍ബാലയെ പഞ്ചാബിലെ മോഗയിവെച്ച് അറസ്ററ് ചെയ്യുമ്പോഴാണ്. ഒരു ഭാഗത്ത് ഇന്ത്യന്‍ പട്ടാളവും പഞ്ചാബ് പോലീസും തോക്കു ചൂണ്ടി നില്‍ക്കുന്നു. മറുഭാഗത്ത് കാലിസ്ഥാന്‍ പോരാളികള്‍ കൂര്‍ത്തു നീണ്ട ശൂലങ്ങളും മിന്നിത്തിളങ്ങുന്ന വാളുകളുമേന്തിശത്രുസൈന്യത്തേപ്പോലെ നിലകൊള്ളുന്നു. ഒരു യുദ്ധ ഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന പ്രതീതി. ഭയവും ഭീതിയും നിറഞ്ഞ അന്തരീക്ഷം വിറങ്ങലിച്ചു നിന്ന നിമിഷങ്ങള്‍! രണ്ടാമത്തേത് മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടന്‍ ഒളിംമ്പിക്സ് റിപ്പോര്‍ട്ട് ചെയ്തതാണ്. മാധ്യമരംഗത്തേക്ക് ഒന്നു തിരിഞ്ഞു നോക്കുമ്പോള്‍ നീറുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അത്ര ശുഭകരവും മധുരതരവുമല്ലെന്ന പറയേണ്ടി വരും. നല്ല എഴുത്തുകാരെപ്പോലെ നല്ല മാധ്യമങ്ങള്‍ എന്നും ഒരു തിരുത്തല്‍ ശക്തിയാണ്. വാര്‍ത്തകള്‍ എപ്പോഴും സത്യസന്ധമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വെറും മഞ്ഞപത്രമാകരുത്. ഒരാള്‍ മദ്യം കഴിച്ചിട്ട് കാറോടിച്ചാല്‍ അത് വാര്‍ത്തയാകില്ല. ആ കാര്‍ അപകടത്തില്‍പ്പെടുമ്പോഴാണ് വാര്‍ത്തയാകുന്നത്. നല്ല മാധ്യമങ്ങള്‍ വാര്‍ത്തകളോടെന്നും നീതി പുലര്‍ത്തുന്നവരാണ്. മാധ്യമപ്രവര്‍ത്തനം ഒരു സേവനമായി കാണാമെങ്കിലും അതൊരു കച്ചവടം തന്നെയാണ്. ഇന്‍ഡ്യയിലെ മിക്ക മാധ്യമങ്ങളും കോടിക്കണക്കിന് സമ്പത്തുള്ളവരാണ്. ഇവരില്‍ പലരും വാര്‍ത്തകള്‍ സൃഷ്ടിച്ചും, അട്ടിമറിച്ചും, കൂട്ടുകച്ചവടക്കാരായി മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ മനഃശക്തിയോ ധര്‍മ്മമോ അല്ല സമവായമാണ്. അതുകൊണ്ട് മാനവികതയ്ക്ക് പോറലുകളൊന്നും ഉണ്ടാകണമെന്നില്ല. ഇവരുടെ ഉറ്റ ചങ്ങാതികള്‍ ഭരിക്കുന്നവരും ജാതിമതങ്ങളുമാണ്. അവരെ വെറുപ്പിച്ചാല്‍ പത്രങ്ങളുടെ എണ്ണം കുറയും. സാമ്പത്തിക നേട്ടമുണ്ടെങ്കില്‍ എതിര്‍ പാര്‍ട്ടികളുടെ നടപ്പും ഇരിപ്പും കിടപ്പറയിലേക്കുവരെ അവര്‍ കണ്ണും നട്ടിരിക്കും. എതിരാളികള്‍ക്കെതിരെ വാര്‍ത്തകള്‍ മെനഞ്ഞെടുക്കാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. ഇതിലൂടെ മാനസികമായി ആരെങ്കിലും ഭാരപ്പെട്ടാല്‍ ആത്മഹത്യ ചെയ്താല്‍ അതൊന്നും വാര്‍ത്തകളല്ല. ഇന്നും ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും ദാരിദ്യ്രത്തിലും കഴിയുമ്പോഴാണ് അധികാരത്തിലിരിക്കുന്നവര്‍ ഈ രാജ്യത്തേ പാവങ്ങളുടെ നികുതിപണത്തിലൂടെ, വന്‍ ബിസിനസ്സ് കരാര്‍ ഇടപാടുകളിലൂടെ കോടാനുകോടികള്‍ അടിച്ചുമാറ്റി വിദേശ ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതും, വിവിധ രാജ്യങ്ങളില്‍ ബിസിനസ്സില്‍ ഏര്‍പ്പെടുന്നതും, വന്‍ സൗധങ്ങള്‍ തീര്‍ക്കുന്നതും, ഭൂമാഫിയകളായി മാറുന്നതും. നീണ്ട വര്‍ഷങ്ങളായി കൊഴുത്തു തടിച്ചുകൊണ്ടിരിക്കുന്ന ഈ രാജ്യദ്രോഹികള്‍ക്കെതിരെ എതിരാളികളുടെ കിടപ്പറയിലേക്ക് കണ്ണും നട്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട മാധ്യമങ്ങള്‍ എന്താണ് കണ്ണടച്ചിരിക്കുന്നത്? സമൂഹത്തില്‍ അധികാരവും സമ്പത്തുള്ളവന് എന്തുമാകാം. ഇന്നും നടക്കുന്നത് രാജവാഴ്ചയുടെ കാലത്തേക്കാള്‍ എത്രയോ ദുരിതപൂര്‍ണ്ണമാണ്. അന്ന് രാജാവിനെ ഭയന്നാല്‍ മതിയായിരുന്നു. ചാനലുകളില്‍ കാണുന്ന ആട്ടക്കഥകള്‍ക്കും മാധ്യമങ്ങളില്‍ കാണുള്ള ചൂടുള്ള വാര്‍ത്തകള്‍ കണ്ടും പാവം ജനങ്ങള്‍ സായൂജ്യമടയുന്നു. മതരാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്തുതിഗീതം പാടിക്കൊണ്ടുറങ്ങുന്നു. ഇവരില്‍ സദാചാരഗുണ്ടകളുമുണ്ട്. ഇന്നത്തേ സാമൂഹ്യമൂല്യതകര്‍ച്ചയ്ക്ക് മാധ്യമത്തിനും നല്ലൊരു പങ്കില്ലേ?

മാധ്യമരംഗത്തേ മറ്റൊരു കൂട്ടരാണ് ചാനലുകള്‍. ഒരു മഞ്ഞ പത്രശൈലിയിലൂടെ ഇവര്‍ എന്തെല്ലാ കാട്ടികൂട്ടി റേറ്റിംങ്ങ് കൂട്ടാന്‍ പരസ്പരം മത്സരിക്കുന്നു. സിനികളിലേതുപോലെ ലൈംഗീകതയും പ്രണയവും കുത്തിനിറച്ച് താരമേളകളും അവാര്‍ഡു മാമാങ്കങ്ങളും നടത്തി അവരും ജനങ്ങളുടെ കണ്ണിലുണ്ണികളാകാന്‍ ശ്രമങ്ങള്‍ നടത്തുന്നു. സമൂഹത്തിലെ യൗവനത്തുടിപ്പുള്ള മാദരകലഹരിപൂണ്ട സുന്ദരിമാര്‍ക്കും കള്ളപ്പണക്കാരായ താരരാജാവും അമിതാബച്ചനും താരറാണിയായ ഐശ്വര്യ റായിക്കും പൂപന്തലൊരുക്കുന്നു. ആനക്കൊമ്പ് കേസില്‍ ഒരു ശിക്ഷയും ഏറ്റുവാങ്ങാതെ നടക്കുന്ന മോഹന്‍ലാലും അരങ്ങ് കൊഴുപ്പിക്കുന്ന പുരസ്കാര മേളകള്‍ക്ക് താരപുരം വിതറുന്നു. ഇവര്‍ ചിലവാക്കുന്ന കോടികള്‍കൊണ്ട് പാവങ്ങള്‍ക്ക് കിടന്നുറങ്ങാന്‍ കുറെ കൂരകള്‍ കെട്ടിക്കൊടുത്തുകൂടേ? കേളത്തിലെ ചില പ്രമുഖ ചാനലുകള്‍ ഇതുപോലെ റേറ്റിങ്ങ് കൂട്ടാനായി കാട്ടിക്കൂട്ടുന്നത് അജ്ഞത മൂലമാണോ. അതോ ഉദാരമതികളെ ആദരിക്കാനോ അതറിയില്ല. പ്രത്യേകിച്ചും യുവതി യുവാക്കളെ ലക്ഷ്യം വച്ച് നടത്തുന്ന ഈ ചാനല്‍ മേളകള്‍ ഇത് കണ്ടുകൊണ്ടിരിക്കുന്നവര്‍ക്ക് എന്തെങ്കിലും വികാസ പരിണാമങ്ങള്‍ നല്കുന്നുണ്ടോ? വിശക്കുന്ന വയറുള്ളവന്, വിദ്യ അഭ്യസിച്ചാല്‍ നിവൃത്തിയില്ലാത്തവന് വിശപ്പടക്കാനോ അറിവ് നല്കാനോ ഈ നാട്യങ്ങള്‍ ഉപകരിക്കുമോ? പുസ്തകങ്ങള്‍, മാധ്യമങ്ങള്‍, മധുരതരമായി നിത്യവും വായിച്ചു തള്ളുമ്പോള്‍ ആ കൂട്ടരെ അവഗണിക്കുന്നു. എന്താണ് ഇവരുടെ സാംസ്കാരിക സമന്വയം ? സാഹിത്യ സൃഷ്ടിയും പത്രപ്രവര്‍ത്തനവും അഭിനയം പോലെ ക്ഷണികവും നിസ്സാരവുമല്ല ~മറിച്ച് അറിവും ആഴത്തിലുമുള്ളതാണ്. ഈ നടിനടന്മാരെ , പാട്ടുകാരെ ഇതിന് യോഗ്യരാക്കിയത് എഴുത്തുകാരും കവികളും സംവിധായകരുമാണ്. അവരെക്കാള്‍ യോഗ്യരാണോ മറ്റുള്ളര്‍? ഈ അടുത്ത കാലത്ത് ചാനലുകള്‍ കൈവരിച്ച മറ്റൊരു പുരോഗതി നടി നടന്മാരുടെ സിനിമയും ജനനവും ജാതകവും നക്ഷത്രഫലങ്ങളും വിശകലനം ചെയ്യുകയാണ്. ഇതിലൂടെ സമൂഹത്തിന് എന്ത് നേട്ടം? ഇവരെക്കാള്‍ സാമൂഹ്യസാംസ്കാരിക ശാസ്ത്രീയ~ ആത്മീയ മൂല്യങ്ങളുള്ള എത്രയോ മഹത്വ്യക്തികള്‍ നമുക്കുണ്ട്. ചാനലുകളുടെ സാംസ്കാരിക മൂല്യച്യുതിയാണ് ഇത് വെളിപ്പെടുത്തുന്നത്.
- dated 17 May 2016


Comments:
Keywords: U.K. - Arts-Literature - karoor_soman_article_17_may U.K. - Arts-Literature - karoor_soman_article_17_may,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us