
ഒപിടി നിര്‍ത്താലാക്കാനുള്ള ബില്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചതോടെ, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് അമെരിക്കയില്‍ എത്തിയിട്ടുള്ള ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ ആശങ്കയിലായി. ബില്‍ പാസായി നിയമമായി മാറിയാല്‍ ഈ വിദ്യാര്‍ഥികളെല്ലാം പഠനം പൂര്‍ത്തിയായാലുടന്‍ തന്നെ അമെരിക്ക വിടേണ്ടി വരും.
ട്രംപ് അധികാരത്തില്‍ എത്തിയതിനു പിന്നാലെയാണ് ഈ നടപടികള്‍ വേഗത്തിലാക്കിയത്. ഒന്നാം തവണ പ്രസിഡന്‍റായിരുന്നപ്പോള്‍ താന്‍ തുടങ്ങി വച്ച പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഈ ബില്‍ സംബന്ധിച്ച് ട്രംപ് സൂചന നല്‍കിയിരുന്നു.
നിലവില്‍ എഫ്1, എം1 സ്ററുഡന്‍റ് വിസ ഉള്ളവരെയാണ് ബില്‍ പ്രതികൂലമായി ബാധിക്കുക. ഇവര്‍ക്ക് ഐടി കമ്പനികള്‍ ഉള്‍പ്പടെ സ്പോണ്‍സര്‍ ചെയ്യുന്ന എച്ച്~1 ബി വര്‍ക്ക് വിസയിലേയ്ക്കു മാറാന്‍ കഴിയുന്ന സാഹചര്യം ഇല്ലാതാകും.
ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് പ്രകാരം യുഎസില്‍ പഠിക്കുകയോ പഠനം പൂര്‍ത്തിയാക്കുകയോ ചെയ്ത മൂന്നു ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഒരു ലക്ഷം പേരും ഒപിടി അര്‍ഹതയുള്ളവരാണ്. ബിരുദം നേടിയ വിദ്യാര്‍ഥികളെ ഒരു വര്‍ഷത്തേക്ക് യുഎസില്‍ ജോലി കണ്ടെത്താന്‍ ഒപിടി അനുവദിക്കുന്നുണ്ട്. കൂടാതെ സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്സ് ബിരുദധാരികള്‍ക്ക് യോഗ്യതയുള്ള ഒരു യുഎസ് തൊഴില്‍ ഉടമയ്ക്കൊപ്പം ജോലി ചെയ്യുന്നുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തേയ്ക്കു കൂടി കാലാവധി നീട്ടുകയും ചെയ്യാം. ബില്‍ പാസായാല്‍, മറ്റൊരു വര്‍ക്ക് വിസയിലേയ്ക്കു മാറാനുള്ള ഓപ്ഷന്‍ ഇല്ലാതെ ഒപിടി പെട്ടെന്ന് അവസാനിച്ചേക്കാം.

Comments: