Today: 12 Aug 2022 GMT   Tell Your Friend
Advertisements
പാട്ടെഴുത്തിലെ വേറിട്ട കവി ബിച്ചു തിരുമല വിടവാങ്ങി
Photo #1 - India - Cinema - Lyricist_poet_bichu_thirumala_expired
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. മലയാളി മനസിനെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു പാട്ടെഴുത്തകാരന്‍ മലയാള സിനിമയില്‍ ഉണ്ടാവില്ല. അക്ഷരങ്ങള്‍കൊണ്ട് അമ്മാനമാടി വാക്കുകളില്‍ അതിന്റെ പ്രതിസ്ഫുരണം ചമച്ച കവി, മിക്ക സിനിയുടെയും ടൈറ്റില്‍ ചേര്‍ത്ത് കവിതയാക്കി മലയാളി മനസില്‍ കോരിയിട്ട അനശ്വര കവി ബി.ശിവശങ്കരന്‍ നായര്‍ ? എന്ന ബിച്ചു തിരുമല അരങ്ങൊഴിഞ്ഞു. 80 വയസായിരുന്നു. അഞ്ചു പതിറ്റാറ്റിനിടയിലെ സിനിമ ജീവിതത്തില്‍ നാനൂറോളം സിനിമയ്ക്ക് ഗാനങ്ങള്‍ രചിച്ച് അതും ഏതു സിനിമയ്ക്കും വഴങ്ങുന്ന രീതിയില്‍ വരികളെഴുതി വെള്ളിത്തിരയില്‍ തീനാളമായി ജ്വലിച്ച പ്രിയപ്പെട്ട കവി ബിച്ചു തിരുമല ഇനി ജനമനസുകളില്‍ ഗാനങ്ങളിലൂടെ ഓര്‍മ്മകളില്‍ തെളിഞ്ഞ് പ്രഭചൊരിയും.

രചനയ്ക്ക് ഈണം നല്‍കുന്ന രീതിയും സ്വഭാവവും വഴിതിരിച്ചുവിട്ട കവിയായി മലയാളത്തില്‍ ഏതാണ്ട് 5000 ഗാനങ്ങള്‍ ചമച്ചിട്ടുണ്ട്. ലളിതഗാനത്തില്‍ ഒട്ടനവധി വസന്ത ഗീതങ്ങള്‍ ബിച്ചുവിന്റെ പേനത്തുമ്പില്‍ പിറവിയെടുത്തിട്ടുണ്ട്. മാമാങ്കം പലകുറി കൊണ്ടാടി എന്ന ഗാനം മണ്‍മറഞ്ഞ അനശ്വര സംഗീതജ്ഞന്‍ രവീന്ദ്രന്‍ മാഷിന്റെ ഈണത്തില്‍ ഗാനഗന്ധര്‍വന്റെ കണ്ഠതംബുരുവിലൂടെ ഒഴുകിയെത്തിയപ്പോള്‍ മലയാള ലളിതഗാന ശാഖയ്ക്ക് ലഭിച്ച എക്കാലത്തെയും മികച്ച ഒരു സംഗീതാര്‍ച്ചനയായി. സിനിമകള്‍ക്കു പുറമെ കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി.

മലയാളത്തിലെ ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ബിച്ചുവിന്റെ തൂലികയിലൂടെ മലയാള സിനിമയിലെത്തിയത് മലയാളികളുടെ ഒരു മഹാഭാഗ്യംതന്നെ.പ്രണയമായാലും, ശോകമായാലും, കുട്ടിപ്പാട്ടായാലും, വേദനയായാലും, ആഹ്ളാദമായും, പാര്‍ട്ടിയായാലും, ഫാസ്ററ് നമ്പറായാലും കാമുകഹൃദയം കണ്ടറിഞൈ്ഞഴുതി, പാട്ടില്‍ വൈവിധ്യങ്ങള്‍ സൃഷ്ടിക്കാന്‍ മലയാള സിനിമയിലെ ഒരേയൊരു കവിയായിരുന്നു ബിച്ചു.
ഏതിനും കവിഹൃദയം തുളുമ്പിയുണരുന്ന കവിതയായി സിനിമയുടെ അംശമായി തീരുമെന്നത് ബിച്ചുവിന്റെ മററ്റാരു സവിശേഷതയാണ്.

കുട്ടിപ്പാട്ടുകളിലൂടെ ഇളം മനസിന്റെ നോവറിഞ്ഞ് എഴുതിയ കവിതകള്‍ ബിച്ചുവിന്റെ മനസിലെ കുഞ്ഞുങ്ങളോടുള്ള സ്പന്ദനമായി പുറത്തുവന്ന സൃഷ്ടികളാണ്. പിഞ്ചുമനസില്‍ വിരിഞ്ഞ വലിയ മന്ദഹാസം കവിതയായി അണപൊട്ടിയത് സിനിമയ്ക്കും മുതല്‍ക്കൂട്ടായി.

അവളുടെ രാവുകളില്‍ ജാനകിയമ്മയുടെ സ്വരത്തില്‍ അതുല്യമാക്കിയ ഉണ്ണിയാരാരിരോ.. തങ്കമാരാരിരോ എന്നു തുടങ്ങുന്ന ഗാനം അദ്ദേഹത്തിന്റെ താരാട്ടുപാട്ടുകളിലെ മധുരം നിറച്ച മാതൃത്വത്തെയാണ് സ്ഫുരിപ്പിക്കുന്നത്,

'ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍..,ശ്രുതിയില്‍ നിന്നുയരും, .ഓല തുമ്പത്തിരുന്നൂയലാടും ചെല്ലപൈ്പങ്കിളി
...പാവാട വേണം മേലാട വേണം, കൊഞ്ചി കരയല്ലേ മിഴികള്‍ നനയല്ലേ..., തേനും വയമ്പും..,ഒറ്റക്കമ്പി നാദം...,കണ്ണും കണ്ണും തമ്മില്‍ തമ്മില്‍.., പടകാളി ചണ്ഡി ചങ്കരി.., മനസ്സില്‍ നിന്ന് മനസ്സിലേക്കൊരു മൗനയാത്ര.. വരുവാനില്ലാരുമീ.. .,കണ്ണാം തുമ്പി പോരാമോ..,മിഴിയറിയാതെ വന്നു നീ... ഒരു മയില്‍പ്പീലിയായി ഞാന്‍..., ഏഴു സ്വരങ്ങളും... പഴന്തമിഴ് പാട്ടിനുള്ളില്‍..,, രാകേന്ദു കിരണങ്ങള്‍ ഒളി വീശിയില്ല... വാകപ്പൂമരം ചൂടും..., വെള്ളിച്ചില്ലം വിതറി.., മൈനാകം കടലില്‍ നിന്നുയരുന്നുവോ...ഉണ്ണികളേ ഒരു കഥ പറയാം.., ആലിപ്പഴം പെറുക്കാം പീലിക്കുട നിവര്‍ത്തി ... മഞ്ഞണിക്കൊമ്പില്‍ ഒരു കിങ്ങിണി കൊമ്പില്‍...
സമയരഥങ്ങളില്‍ ഞങ്ങള്‍ ...... കിലുകില്‍ പമ്പരം തിരിയും മാനസം......
പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു, സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളെ.. പച്ചക്കറിക്കായ തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി.. ദ്വാദശി നാളില്‍...യാമശംഖൊലി വാനിലുണര്‍ന്നു.... ബ്രാപ്മ മുഹൂര്‍ത്തത്തില്‍ പ്രാണസഖീ നീ പല്ലവി പാടിയ നേരം... .ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നിന്‍ കിനാക്കളെല്ലാം... മിഴിയോരം നനഞ്ഞൊഴുകും.. ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ, കാബൂളി വാലയിലെ പുത്തന്‍പുതുക്കാലം, തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് 400 ല്‍ പ്പരം സിനിമകള്‍ ധന്യമാക്കി.

ശ്രേഷ്ഠതയൂറിയ രചനയില്‍ ഹൃദയം തുടിയ്ക്കുന്ന ഭാവവും, ലയം ഒഴുകുന്ന മാസ്മരികതയും ബിച്ചുവിന്റെ ഗാനങ്ങളെ മറ്റേതു കവികളുടെയും വഴിയില്‍ നിന്ന വേറിട്ടതാക്കി. പ്രശസ്ത നടന്‍ മധു സംവിധാനം ചെയ്ത "അക്കല്‍ദാമ' എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്.
ഈ ചിത്രത്തില്‍ ശ്യാം സംഗീതം നല്‍കി ബ്രപ്മാനന്ദന്‍ പാടിയ "നീലാകാശവും മേഘങ്ങളും...' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഭക്തിഗാന മേഖലയിലും തിളങ്ങി, എന്‍ മനോഫലകങ്ങളില്‍,? പുല്‍ക്കുടിലില്‍ കല്‍ത്തൊട്ടിയില്‍ മറിയത്തിന്‍ മകനായ്തുടങ്ങിയവ.

സൂപ്പര്‍ സംവിധായകനായ ഐവി ശശിക്കു വേണ്ടിയാണ് കൂടുതല്‍ പാട്ടെഴുതിയിട്ടുള്ളത്. ഐവി ശശിയുടെ 33 പടത്തില്‍ പാട്ടെഴുതി.
സംഗീതസംവിധായകന്‍ ശ്യാമിനുവേണ്ടി 75 ഓളം ചിത്രങ്ങളില്‍ തൂലിക ചലിപ്പിച്ചു. കൂടുതല്‍ പാട്ടുകളും ചെയ്തിട്ടുള്ളത് എ.ടി. ഉമ്മറിനോടൊപ്പമാണ്. ഈണത്തിനൊപ്പിച്ച് പെട്ടന്നു വരികള്‍ എഴുതാനും അതും കാവ്യഭംഗി തുളുമ്പുന്ന വരികളില്‍ മലയാള ചലച്ചിത്ര ഗാനാസ്വാദകര്‍ എന്നും ചുണ്ടില്‍ മൂളുന്ന നിരവധി ഗാനങ്ങള്‍ ഒരുക്കിയ കവിശ്രേഷ്ഠന്‍.

സിനിമയില്‍ ഗാനങ്ങള്‍ക്ക് ഈണമിട്ടെഴുതുന്ന രീതിയ്ക്ക് പുതിയ മാനം രചിച്ചത് ബിച്ചുവിലെ കവിയുടെ മറ്റൊരു മഹാവൈഭവമാണ്.അതു രവീന്ദ്രന്‍മാഷ് ആയാലും എആര്‍ റഹ്മാന്‍ ആയാലും എ.ടി ഉമ്മര്‍ ആയാലും ജെറി അമല്‍ദേവ് ആയാലും, ഔസേപ്പച്ചനായാലും ബിച്ചുവിലെ കവിഹൃദയം ഉള്‍ക്കൊള്ളുക മാത്രമല്ല സംഗീത സംവിധായകരുടെ മനസാം വീണയിലെ ഒറ്റക്കമ്പി നാദമായി തഴുകിയിറങ്ങും എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ആ ഗാനങ്ങള്‍ മലയാളത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ സൃഷ്ടികളായി അനശ്വര ഗാനങ്ങളായി.

നക്ഷത്രദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി എന്ന ഗാനത്തിലൂടെ അക്ഷരക്കൊട്ടാരം തീര്‍ത്തപ്പോള്‍ ജയവിജയന്മാരുടെ സംഗീതത്തില്‍ ആ കവിതയിലെ കാവ്യശില്‍പ്പം ഒട്ടും ചോരാതെ ദാസേട്ടന്റെ കണ്ഠതംബുരുവില്‍ സ്വരമജ്ഞരിയായി മലയാളത്തില്‍ പെയ്തിറങ്ങിത് ഇന്നും സംഗീതപ്രേമികളെ ആറാട്ടിലെത്തിയ്ക്കുകയാണ്.

ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ അഗ്രഗണ്യനായിരുന്നു.
തന്റെ ജനകീയ ഗാനങ്ങളിലൂടെ ബിച്ചു എക്കാലവും മലയാളി സംഗീതാസ്വാദകരുടെ മനസ്സില്‍ സജീവമായിത്തന്നെ ജ്വലിച്ചുനിലനില്‍ക്കും.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു 1981 ലും (തൃഷ്ണ, 'ശ്രുതിയില്‍നിന്നുയരും, തേനും വയമ്പും 'ഒറ്റക്കമ്പി നാദം മാത്രം മൂളും...'), 1991 ലും (കടിഞ്ഞൂല്‍ കല്യാണം~ "പുലരി വിരിയും മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം...'). സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ്
അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതിപി ഭാസ്കരന്‍ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്കരന്‍ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന്‍ നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന്‍ കൂടിയായിരുന്ന മുത്തച്ഛന്‍ വിദ്വാന്‍ ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകന്‍ സുമന്‍ ശങ്കര്‍ ബിച്ചു സംഗീത സംവിധായകനാണ്. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്‍ശന്‍രാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.

ഗാനരചയിതാവ് കവി രചയിതാവ് തിരക്കഥാകൃത്ത് സംഗീത സംവിധായകന്‍ എന്നീ ബഹുമുഖപ്രതിഭയായ പാട്ടെഴുത്തിലെ മാന്ത്രികന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയ്ക്കും സംഗീതരംഗത്തിനു കണ്ണീരോര്‍മയായി മാറി.ഹൃദയം ദേവാലയം.... പോയ വസന്തം നിറമാല ചാര്‍ത്തും ആരണ്യ ദേവാലയം.... എന്നെഴുതിയ കവിയുടെ ഹൃദയത്തിനു മുമ്പില്‍ ആദരവിന്റെ നിറമാലകള്‍ ചാര്‍ത്തുന്നതിനൊപ്പം ഹൃദയം കൊണ്ട് പ്രവാസിഓണ്‍ലൈന്‍ പ്രണാമം അര്‍പ്പിയ്ക്കുന്നു.
- dated 26 Nov 2021


Comments:
Keywords: India - Cinema - Lyricist_poet_bichu_thirumala_expired India - Cinema - Lyricist_poet_bichu_thirumala_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us